സഹായം:അംഗത്വം
എന്തുകൊണ്ട് അംഗത്വം
വിക്കിപീഡിയയിൽ ആർക്കും തിരുത്തൽ നടത്താമെങ്കിലും അംഗത്വമെടുത്ത ശേഷം തിരുത്തൽ നടത്തുന്നതാണ് കൂടുതൽ നല്ലത്. ഇതുകൊണ്ടുള്ള ഗുണങ്ങൾ താഴെപ്പറയുന്നു:
- നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർ നെയിമിൽ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങൾക്ക് വിക്കിയിൽ കൂടുതൽ പ്രവർത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങൾ (ഒരേ യൂസർ നെയിമിൽ) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
- ഉപയോക്തൃനാമം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് നിങ്ങളുടെ ഐ. പി അഡ്രസ് കാണാനാവില്ല. ഓർക്കുക വെബ് ഹാക്കർമാർ നിങ്ങളുടെ ഐ.പി വിലാസം കാണുന്നത് അപകടം ക്ഷണിച്ചുവരുത്തും.
- വിക്കിപീഡിയയിൽ വോട്ടു ചെയ്യാനും കാര്യനിർവാഹകർ ആകാനും അംഗത്വം നിർബന്ധമാണ്.
- വിക്കിപീഡിയയിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ അംഗത്വം അത്യാവശ്യമാണ്.
എങ്ങനെ അംഗമാകാം?
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സൗജന്യമാണ്. അംഗമാകാൻ ഈ പേജ് സന്ദർശിക്കുക.
ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?
ഏതു പേരിൽ രജിസ്റ്റർ ചെയ്യണമെന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. യഥാർത്ഥപേരോ ഇന്റർനെറ്റ് തൂലികാ നാമമോ ആകാം. ഇംഗ്ലീഷിലോ , യൂണികോഡ് സപ്പോർട്ടുള്ള മറ്റേതു ലിപിയിലോ യൂസർ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കിൽ മലയാളത്തിൽത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
- ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര് ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മൻ ചാണ്ടി, വൈറ്റ് ഹൌസ്, കൈരളി ഗ്രന്ഥശാല.
- ചില സ്പെഷ്യൽ കാരക്റ്ററുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
- പേരിന്റെ തുടക്കത്തിൽ അക്കങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്
- ഉപയോക്തൃനാമം തെരഞ്ഞെടുക്കുമ്പോൾ ഇംഗ്ലീഷ് കൂടാതെ മലയാളമോ മറ്റു ഭാഷകളോ ഉപയോഗിക്കാം. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരാൾക്ക് പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന അത്തരം വിക്കികളിൽ മലയാളത്തിലുള്ള ഉപയോക്തൃനാമം മറ്റുള്ളവർക്കു് വായിച്ചു തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കൂടാതെ, ഇതിനകം മലയാളം എഴുത്തു് സജ്ജമാക്കിയിട്ടില്ലാത്ത ഒരു കമ്പ്യൂട്ടറിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ ലോഗ് ചെയ്ത് വിക്കിപീഡിയയിൽ പ്രവേശിക്കുന്നതു് വിഷമകരമാവും.
- പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷിൽ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാൻ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോൾ നാം ഓർക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങൾ ഇവിടെ ചേർക്കാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കു പകരം പാസ്സ്‌വേഡ് ഫീൽഡിൽ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനിൽ നിന്നും ഇതു കണ്ടറിയാൻ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇൻ ചെയ്യാൻ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.
സ്വന്തം പേരു തന്നെ ഉപയോക്തൃനാമമായി തെരഞ്ഞെടുക്കണോ?
അങ്ങനെ യാതൊരു നിർബന്ധവുമില്ല. വിക്കിപീഡിയയിൽ നിങ്ങളുടെ സ്വകാര്യതാപരിധി നിശ്ചയിക്കാനുള്ള പൂർണ്ണ അവകാശം നിങ്ങൾക്കു തന്നെയാണു്. നിങ്ങളുടെ ഉപയോക്തൃനാമം നിങ്ങളുടെ യഥാർത്ഥനാമവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കണമെന്നു് യാതൊരു നിബന്ധനയുമില്ല. ഉദാഹരണത്തിനു് മേരി മനോജ് എന്ന പേരുള്ളയാൾക്ക് വേണമെങ്കിൽ neelakkuruvi എന്ന പേരു തെരഞ്ഞെടുക്കാം. ഉപയോക്തൃനാമത്തിൽ നിന്നും തങ്ങളുടെ ലിംഗം, ജാതി, മതം, ദേശം തുടങ്ങിയവ മറ്റൊരാൾ ഊഹിച്ചു തിരിച്ചറിയതെന്നു് ഒരാൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ന്യായവും സാദ്ധ്യവുമാണു്.
എന്നിരുന്നാലും, ചിലർക്കു് തങ്ങളുടെ ഉപയോക്തൃനാമം യഥാർത്ഥനാമവുമായി ബന്ധപ്പെട്ടിരിക്കുന്നതിൽ വിരോധമൊന്നുമില്ല എന്നുവരാം. അത്തരക്കാർക്കു് അങ്ങനെ ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അതേ സമയം, ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് തനിക്കറിയാവുന്ന മറ്റൊരാളുടെ പേരിൽ ഉപയോക്തൃനാമം സൃഷ്ടിച്ച് അയാളെന്ന വ്യാജേന വിക്കിപീഡിയയിൽ പങ്കെടുക്കുന്നതും പ്രോത്സാഹനീയമല്ല.
ഇങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു പേരിൽ (അജ്ഞാതനാമത്തിൽ) ലോഗിൻ ചെയ്യുന്നതും ലോഗിൻ ചെയ്യാതെത്തന്നെ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതും ഒരു പോലെയല്ല.
ലോഗ് ഇൻ ചെയ്യാതിരുന്നാൽ എന്താണു ദോഷങ്ങൾ
- ലോഗ് ഇൻ ചെയ്ത് തിരുത്തലുകൾ നടത്തുമ്പോഴും നിങ്ങളുടെ ഐ.പി. അഡ്രസ് സർവ്വർ കമ്പ്യൂട്ടറുകളിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കും. പക്ഷേ, പ്രത്യേക സാഹചര്യങ്ങളിലല്ലാതെ, വിക്കിപീഡിയയിലെ ഏതെങ്കിലും വ്യക്തികൾക്കു് ആ ഐ.പി. അഡ്രസ്സുകൾ ഏതെന്നു് പരിശോധിക്കാനോ മറ്റുള്ളവരോട് വെളിവാക്കാനോ അനുവാദമില്ല. (എന്നാൽ, ഒരു ഉപയോക്താവ് വിക്കിപീഡിയയിലെത്തന്നെയോ ഏതെങ്കിലും രാജ്യത്തെയോ നിയമങ്ങൾ ലംഘിച്ച സാഹചര്യത്തിൽ, പ്രത്യേക നടപടിക്രമങ്ങൾക്കു ശേഷം മാത്രം, അയാൾ നടത്തിയ അത്തരം തിരുത്തലുകളിലെ ഐ.പി. രേഖകൾ പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ട്).
- അതായത്, അജ്ഞാതനാമത്തിൽ ലോഗിൻ ചെയ്ത് വിക്കിപീഡിയയിൽ തിരുത്തലുകൾ വരുത്തുമ്പോൾ നിങ്ങളുടെ വ്യക്തിസ്വകാര്യത പരമാവധി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ലോഗിൻ ചെയ്യാതെ തിരുത്തലുകൾ വരുത്തുമ്പോൾ ആ തിരുത്തലുകളുടെ നാൾവഴിയിൽ ഉപയോക്തൃനാമത്തിനു പകരം നിങ്ങളുടെ ഐ.പി. അഡ്രസ്സാണ് കാണാനാവുക. നിങ്ങൾ ലോഗിൻ ചെയ്തതു് ഏതു നെറ്റ് വർക്കിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ ആണെന്ന് ആ ഐ.പി. അഡ്രസ്സിൽ നിന്നും മറ്റേതൊരാൾക്കും എളുപ്പത്തിൽ തന്നെ തിരിച്ചറിയാൻ പറ്റിയെന്നിരിക്കും. അതത്ര നല്ല കാര്യമല്ല.
- ലോഗിൻ ചെയ്തു നടത്തിയ തിരുത്തലുകളുടെ മൊത്തം വിവരങ്ങൾ ഉപയോക്താവിന്റെ സംഭാവനകൾ എന്ന നാൾവഴിയിൽ കാണാം. ഏതാനും മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാൽ പോലും നിങ്ങളുടെ ഓരോ ചെറിയ തിരുത്തൽ വിവരം പോലും വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ അതു നിങ്ങളേയും മറ്റുള്ളവരേയും സഹായിക്കും.
- ലോഗിൻ ചെയ്ത് വിക്കിപീഡിയയിൽ എഴുതുകയോ വായിക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടേതു മാത്രമായ ഇഷ്ടപ്പെട്ട [പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ]] (user preferences) സജ്ജമാക്കാൻ കഴിയും. നിങ്ങൾ വായിക്കാനുപയോഗിക്കുന്ന ഫോണ്ടുകൾ, സ്ക്രീനിലെ പ്രദർശനസംവിധാനം, തിരുത്തുന്ന സമയത്ത് താളുകളിൽ ലഭ്യമായ അധികഫീച്ചറുകൾ തുടങ്ങിയവയെല്ലാം ഇങ്ങനെ മുൻകൂട്ടി സെറ്റ് ചെയ്തുവെക്കാം.
- നിങ്ങൾക്ക് വ്യക്തമായി ഒരു ഉപയോക്തൃനാമമുണ്ടെങ്കിൽ അതോടൊപ്പം ഒരു ഉപയോക്തൃതാളും ഉപയോക്താവുമായുള്ള സംവാദത്താളും തീർച്ചയായും ഉണ്ടാവും. അത്തരം താളുകളിലൂടെ, മറ്റൊരു ഉപയോക്താവിനു് എന്തെങ്കിലും വിവരങ്ങളോ സംശയങ്ങളോ നിങ്ങളുമായി പങ്കുവെയ്ക്കാൻ കഴിയും. ഐ.പി. അഡ്രസ്സുകളാണെങ്കിൽ ഇതു പ്രായോഗികമോ സാദ്ധ്യമോ അല്ല.
- വേണമെങ്കിൽ, ഉപയോക്തൃനാമങ്ങൾ ഏതെങ്കിലും ഒരു ഈ-മെയിൽ വിലാസവുമായി ബന്ധപ്പെടുത്താവുന്നതാണു്. അങ്ങനെ ചെയ്താൽ, (നിങ്ങളുടെ ക്രമീകരണങ്ങളിൽ ആ ഓപ്ഷൻ സെറ്റ് ചെയ്തുവെച്ചിട്ടുണ്ടെങ്കിൽ) ഏതെങ്കിലും ഉപയോക്താവിനു് അത്യാവശ്യമെങ്കിൽ നിങ്ങളുടെ ഈ-മെയിലേക്ക് ഒരു സന്ദേശം അയയ്ക്കാൻ കഴിയും. (അങ്ങനെ മെയിൽ അയയ്ക്കുമ്പോഴും നിങ്ങൾ സെറ്റ് ചെയ്തുവെച്ചിരിക്കുന്ന ഈ-മെയിൽ ഏതെന്നു് അവർക്കു തിരിച്ചറിയാൻ പറ്റില്ല. എന്നാൽ അവരുടെ ഈ-മെയിൽ വിലാസം നിങ്ങൾക്കു കാണുകയും ചെയ്യാം. അഥവാ ആ ഈ-മെയിലിനു നിങ്ങൾ മറുപടി അയച്ചാൽ, അപ്പോൾ മാത്രം നിങ്ങളുടെ മെയിൽ വിലാസം അവർക്കു ലഭ്യമാവുകയും ചെയ്യും).
- വിക്കിപീഡിയയിൽ ചേർന്ന നാൾ മുതൽ നിങ്ങൾ ചെയ്ത മൊത്തം തിരുത്തലുകളുടെ എണ്ണവും സ്വഭാവവും (നിങ്ങളുടെ മൊത്തം സംഭാവന) വിവിധ സ്ഥാനങ്ങൾക്കും അവസരങ്ങൾക്കും വേണ്ടി വിക്കിപീഡിയയിലും അനുബന്ധപദ്ധതികളിലും നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ പരിഗണിക്കുന്ന ഒരു സുപ്രധാന ഘടകമാണു്. ലോഗിൻ ചെയ്യാതെ നടത്തുന്ന സംഭാവനകൾ നിങ്ങളുടെ മൊത്തം സംഭാവനകളുടെ കണക്കിൽ ഉൾപ്പെടാതെ വരുന്നു.
- ലോഗിൻ ചെയ്ത ഓരോ ഉപയോക്താവിനും തനിക്കുമാത്രം ദൃശ്യമായ ഒരു വാച്ച്ലിസ്റ്റ് ([[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-watchlist|ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക) ഉണ്ട്. നിങ്ങൾ തിരുത്തലുകളൊന്നും വരുത്തുന്നില്ല, വെറുതെ വായിക്കുക മാത്രമാണു് ചെയ്യുന്നതെങ്കിലും നിങ്ങൾക്ക് താല്പര്യമുള്ള താളുകൾ ഈ പട്ടികയിൽ ഉൾപെടുത്താം. അത്തരം താളുകൾ പിന്നീടെന്നെങ്കിലും പെട്ടെന്നു കണ്ടുപിടിക്കണമെങ്കിൽ ഈ വാച്ച്ലിസ്റ്റ് നിങ്ങളെ സഹായിക്കും.
അതിനാൽ, തീർച്ചയായും എത്രയും പെട്ടെന്നു് വിക്കിപീഡിയയിൽ ഒരു സ്ഥിരം ഉപയോക്തൃനാമം സൃഷ്ടിക്കുക. അതേ ഉപയോക്തൃനാമത്തിൽ തന്നെ എപ്പോഴും ലോഗിൻ ചെയ്ത് വിക്കിപീഡിയ വായിക്കാനോ എഴുതാനോ വേണ്ടി, കഴിയാവുന്നിടത്തോളം ശ്രമിക്കുക.